SWACHATHA PAINTINGS
ഇന്ന് ഞാന്‍ , നാളെ …........
രഘുരാജ്.എം.പി |
നനഞ്ഞ മണ്ണിന്റെ ഗന്ധം ശ്വസിച്ചാണ് മണ്ണില്‍ നിന്നും ഞാന്‍ ഉണര്‍ന്നത്. തളിരിലകളെ മുഴുവനായും ഉണര്‍ത്തിയത് ഒരു കുളിര്‍കാറ്റായിരുന്നു. തല പൊക്കി നോക്കിയപ്പോള്‍ വിശാലമായൊരു പറമ്പിന്റെ അരികിലാണ് ഞാന്‍. രണ്ടാട്ടിന്‍കുട്ടികള്‍ ഓടിവരുന്നതു കണ്ടപ്പോള്‍ പേടിച്ചുപോയി. ജനനവും മരണവും ഒരേ ദിവസമാവുമോ?. ഭാഗ്യം അവ എന്നെ ശ്രദ്ധിക്കാതെ തൊട്ടപ്പുറത്തുള്ള തൊട്ടാവാടിപ്പൊന്തയിലേക്ക് നീങ്ങി.
മഴക്കാലം കഴിഞ്ഞതോടെ ബാലാരിഷ്ടതകള്‍ തീര്‍ന്ന് ഞാനുയര്‍ന്നു. വേരുകള്‍ ഏതെങ്കിലുമൊരുവീടിന്റെ പാത്രം കഴുകുന്നിടത്തെത്തണം. കടുത്ത വേനലാണു് വരാന്‍ പോകുന്നത്. ആത്മവിശ്വാസം കൈവിടാതെ വളരണം.
മൂന്നുനാലു വര്‍ഷങ്ങള്‍ കൊണ്ട് അഞ്ചാറടി ഉയരംവെച്ചു. വിശാലമായ ഭൂമിയുടെ ഒരരികിലാണ് എന്റെ നില്‍പ്പ്. ഒന്നുരണ്ടു വീടുകള്‍ അടുത്തുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ലോകം മുഴുവനും കാണാമെന്ന ചിന്തയില്‍ അഭിമാനം തോന്നി.
അല്പം അകലെയായി കുറച്ചാളുകള്‍ സ്ഥലം പരിശോധിക്കുന്നു. എന്തിനെന്ന് മനസ്സിലായില്ല. ഇന്നലെ അടുത്തുള്ള ഇടവഴിയിലൂടെ പോയിരുന്ന ആളും അതിലുണ്ട്. എന്തോ ഗൗരവമായ ഒരു മീറ്റിങ്ങും നടക്കുന്നുണ്ട്.
രാവിലെ സൂര്യന്‍ ഉദിച്ചുപൊങ്ങി നല്ല വെയിലായപ്പോളേക്കും കുറേ ജോലിക്കാര്‍ അലകും ഓലക്കെട്ടും കൊണ്ടുവരുന്നതുകണ്ടു. അവര്‍ ഒരു ഓലക്കെട്ടിടം ഉണ്ടാക്കാനുള്ള പരിപാടിയാണ്. എന്തിനാണാവോ?. എന്റെ അടുത്തുവന്നിരിന്ന് ഒരാള്‍ മൂത്രമൊഴിക്കുന്നു. ചുണ്ടില്‍ എരിയുന്ന ബീഡിയും.
ഒരാഴ്ചക്കുള്ളില്‍ കെട്ടിടം റെഡി. പിറ്റേന്ന് പത്തുപന്ത്രണ്ട് നീണ്ട ഇരിപ്പിടങ്ങളും കൊണ്ടുവരുന്നതുകണ്ടു. അതു ബെഞ്ചാണെന്ന് അവരുടെ സംസാരത്തില്‍നിന്നും മനസ്സിലായി.
ഒരു മാസം കൊണ്ട് മൂന്ന് ഓലക്കെട്ടിടങ്ങള്‍ ഉണ്ടായി. എനിക്കൊന്നും മനസ്സിലായില്ല. എങ്കിലും ഓരോ ദിവസവും വെളിച്ചം വീണ് അതുമറയുന്നതുനരെ ഞാനാ ഉത്സാഹം നോക്കിനില്‍ക്കുമായിരുന്നു.
ഒരുദിവസം രാവിലെ കുറേ കുട്ടികള്‍ വരുന്നതു കണ്ടു. അവര്‍ ആ ബെഞ്ചുകളില്‍ ഇരിപ്പുറപ്പിച്ചു. അല്പം കഴിഞ്ഞപ്പോള്‍ മുണ്ടും ഖദറും ധരിച്ച ഒരാള്‍ വന്ന് കുട്ടികളോട് എന്തൊക്കെയോ സംസാരിച്ചു. സംസാരിക്കുമ്പോള്‍ അയാള്‍ക്ക് വിക്കലുണ്ടായിരുന്നു. ചുവന്ന
കൊടിക്കു കീഴില്‍ ചുരുട്ടിപ്പിടിച്ച മുഷ്ടി ആകാശത്തേക്ക്
ഉയര്‍ത്തിക്കൊണ്ട് അയാളും കൂട്ടുകാരും ഇതുവഴി പോകുന്നത് പിന്നീട്
പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ എന്റെ കൈകളിലും കിട്ടുമായിരുന്നു ആ ചുവന്ന കൊടി. ആ അംഗീകാരത്തില്‍ ഞാന്‍ അഭിമാനിതനായിരുന്നു.
ഉച്ചക്ക് കുട്ടികള്‍ എന്റെ ചുറ്റും കൂടിയിരുന്ന് ഭക്ഷണം കഴിക്കലും തുരുതുരാ സംസാരിക്കലും പതിവായി.
അതൊരു സ്കൂളാണെന്ന് പിന്നീടെനിക്ക് മനസ്സിലായി.
മഴയെല്ലാം പെയ്തുകഴിഞ്ഞ ഒരുകാലത്ത്, കുട്ടികളുടെ കലപില ശബ്ദങ്ങള്‍ക്കിടയില്‍ വല്ലാത്തൊരുന്മേഷം എനിക്കനുഭവപ്പെട്ടു. അതെ എന്റെ കൊച്ചു കൊമ്പുകളില്‍ നിറയെ മാമ്പൂക്കള്‍ !!!!
ഒഴിവികാലത്തിന്റെ ദിനങ്ങള്‍ തുടങ്ങി. സ്കൂള്‍ പൂട്ടി.പോക്കിരിച്ചെക്കന്മാര്‍ എന്റെ ചുറ്റും എപ്പോഴും ഉണ്ടാകും. ഉണ്ണികള്‍ വിരിഞ്ഞതു മുതല്‍ കല്ലേറും തുടങ്ങി. ഒന്നിനെപ്പോലും വളര്‍ത്തി വലുതാക്കാനായില്ല. ഞാന്‍ സഹിച്ചു; കല്ലെറിയുന്നവരും ഉണ്ണികളല്ലേ.
പത്തു മുപ്പതു വര്‍ഷങ്ങള്‍ കൊണ്ട് ഞാനൊരു കൂറ്റന്‍ മാവായി. സ്കൂള്‍ കെട്ടിടം ഓലയില്‍ നിന്നും ഓടിലേക്ക് മാറി. എല്ലാ വര്‍ഷവും ഞാന്‍ പൂക്കുക പതിവായി. കുട്ടികള്‍ കല്ലെറിയല്‍ പതിവായി. സ്കൂളിന്റെ ഓടുകള്‍ പൊട്ടല്‍ പതിവായി. പ്രധാന അധ്യാപിക കുട്ടികളെ ശാസിക്കലും പതിവായി.
ഒരു ഞായറാഴ്ച പ്രധാന അധ്യാപിക ഒരാളെ കൊണ്ടുവന്ന് എന്നെ കാണിച്ചുകൊടുക്കുന്നതുകണ്ടു. അയാള്‍ എന്നെ അടിമുടി നോക്കി
“കൊള്ളാം ഡസ്കും ബെഞ്ചും ഉണ്ടാക്കാം "
അയാള്‍ പറഞ്ഞു.
അന്ന് വൈകീട്ട് സ്കൂളില്‍ വെച്ച് നടന്ന യോഗത്തിലെ തീരുമാനങ്ങള്‍ കുട്ടികള്‍ വഴിയറിഞ്ഞ് ഞാന്‍ ഞെട്ടിപ്പോയി. എന്റെ കടക്കല്‍ കോടാലി വീഴാന്‍ പോകുന്നു. എല്ലാവര്‍ഷവും ഞാന്‍ പൂത്തു കായ്ക്കുന്നതാണത്രെ പ്രശ്നം. കുട്ടികളുടെ ഏറില്‍ ഓരോവര്‍ഷവും ഓടുകള്‍ അനവധി പൊട്ടുന്നുവത്രെ.
ഓരോ മാമ്പഴക്കാലവും എന്റെ കൈനീട്ടവും കൂടി വാങ്ങി മാത്രമേ കടന്നു പോയിട്ടുള്ളൂ. അതാണിപ്പോള്‍ എന്റെ ജീവനു ഭീഷണിയായിരിക്കുന്നത്. പക്ഷെ അതൊഴിവാക്കാന്‍ എനിക്കാവില്ലല്ലോ.
കുട്ടികള്‍ എന്റെ ചുറ്റും കൂടിയിരുന്നു ഭക്ഷണം കഴിക്കുന്നു. അവരുടെ സംസാരത്തില്‍ നിന്ന് ഞാന്‍ പലതുമറിഞ്ഞു. സ്കൂളില്‍ നടന്ന യോഗത്തിലെ ശക്തമായ തീരുമാനമാണത്രെ, എന്നെ മുറിച്ചുമാറ്റാനും പകരം പത്തു മാവിന്‍ തൈകള്‍ വെച്ചു പിടിപ്പിക്കാനും.
ഇവരുടെ തീരുമാനങ്ങളുടെ ശക്തി ഞാന്‍ കുറേ കണ്ടതാണ്. കുറേ കാലായീലോ ഞാനിവിടെ നില്‍ക്കുന്നു. എത്ര പരിസ്ഥിതി ദിനവും വനമഹോത്സവവും കടന്നുപോയി. ഉള്ളതു നശിപ്പിക്ക്യാന്നല്ലാണ്ടെ ഒരു കള്ളിച്ചെടിയുംകൂടി ...ഉം...ഉം.... ഇവരൊന്നും വെച്ചുപിടിപ്പിച്ചിട്ടില്ല.
എന്തായാലും ഇവരെയൊക്കെപ്പോലെ ജീവിച്ചാലും മരിച്ചാലും ആര്‍ക്കും ഉപകാരമില്ലാത്ത അവസ്ഥയല്ലല്ലോ എനിക്ക്; കുട്ടികള്‍ക്കിരിക്കാനുള്ള ഡസ്കും ബെഞ്ചുമെങ്കിലും ആവാലോ.
കനത്ത ചുമലുകളുള്ള ഒരുത്തന്‍ മഴുവും വാളുമായി വരുന്നത് ദൂരത്തു നിന്നേ കണ്ടു.
മാനസികമായി തയ്യാറെടുത്തുകൊണ്ട് കണ്ണടച്ചു നിന്നു.........
No comments:
Post a Comment